Wednesday, 23 December 2009

ഡിസംബറേ..

ഹിമകണം പൊഴിയുമാ
ഡിസംബറിന്‍ പുലരിയില്‍
വഴിതെറ്റിവന്നൊരിളം തെന്നലേ...
സ്ഫടികം വിതറിയാ
ഇലക്കൂമ്പിലോരോന്നിലും
തട്ടിത്തലോടി വരുന്ന കാറ്റേ....
നിന്‍ ചെറു വിരല്‍ കൊണ്ടെന്‍റെ
കണ്‍പീലി മെല്ലെ പിടഞ്ഞുവല്ലോ,
കാര്‍കൂന്തല്‍ മെല്ലേ വഴുതിയല്ലോ,
പിന്നെയും നീയെന്‍
ഉടയാടയാകെ പടര്‍ന്നതില്ലേ,
ഉള്ളിലൊരു കുളിര്‍കുടമാകെ
ചൊരിഞ്ഞ് ഓടിയകന്നുവല്ലേ...

എങ്ങുപോയ് നീ മറഞ്ഞിരിപ്പൂ
ആരേ തിരഞ്ഞ് നീ കാത്തിരിപ്പൂ
മുളം കാടൊക്കെ തിരഞ്ഞുവല്ലോ
വാകമരക്കൊമ്പൊക്കെ ശൂന്യമല്ലോ
ഓരോ ഋതുവിലും ഞാന്‍ വന്നിടും
നിന്‍റെ ഓരോ കാല്‍പാടും
മണത്തു ഞാന്‍ നുകര്‍ന്നീടും
മഴയായ് മേഘക്കൂടില്‍ നിന്നടരും
ഹിമപാളിയായുയരത്തില്‍ നോക്കീടും
ഇലത്തുമ്പിലോരോന്നിലും മഞ്ഞായിടും
പിന്നെയുമുരുകി മണ്ണോടലിഞ്ഞിടും
ഓരോ നിനവിലും ഒരു ചെറുചൂടായ്
ഡിസംബറേ നീയും ചെറുകാറ്റും
ഹൃദയത്തിലൊരു കൊണില്‍
കൊരുത്തിടും ഞാന്‍...

Monday, 10 August 2009

മഞ്ഞുതുള്ളി


ഒരു മഞ്ഞുതുള്ളി
ഇലത്തുമ്പിലൊരു
സൂര്യനെ കോര്‍ത്തെടുത്ത്
പ്രിയപ്പെട്ട മണ്ണിന്‍
മാറോട് ചേരാന്‍,
ചേര്‍ന്നില്ലാതാകാന്‍...

Friday, 17 July 2009

ഋതുമരം

എല്ലുന്തിയ വേനല്‍ പിന്നെയുംകണ്ണുന്തി
കരിച്ചൊടിച്ചിട്ടുപോയ അസ്തികൂടം
തീര്‍ന്നുപോകുമാ പകലിനിടവേളയില്‍
രാമറപറ്റി വന്നണഞ്ഞൊരാ കാറ്റിന്‍
തൊട്ടു തലോടലിനു കാത്തു നില്‍ക്കാതെ
മണ്ണോടു ചേരുമ്പോഴും തേങ്ങിയിരിക്കും
പറക്കമുറ്റാത്തെ പിന്നെ കാലുറക്കാത്ത
ഇത്തിക്കണ്ണീ ഇതെന്‍റെ വിധിയെന്ന്,
പടുവൃക്ഷത്തിന്‍റെ അടര്‍ന്ന പെണ്മ...
പൂത്തുലഞ്ഞിരുന്ന നാടിന്‍റെ നന്മ.

ഓര്‍മ്മപ്പച്ചയിലെ മരക്കൂടുതേടി
പെയ്തിറങ്ങിയൊരാ മഴക്കുഞ്ഞുങ്ങള്‍
ഒഴുക്കിയ ഉപ്പുകണ്ണുനീരൊക്കെയും
സ്ഫുടം ചെയ്ത് മഞ്ഞുതുള്ളിയായതും
കാലചക്രത്തിനടിയിലമര്‍ന്നു പോയ
പുല്‍നാമ്പുകളെന്നോ അറിഞ്ഞിരുന്നു,
രാവലിഞ്ഞില്ലാതാകുന്ന ബിന്ദുവില്‍
ഒരു ചെറുവെയിലാ തണല്‍ തേടി
വരുമൊരു ഋതുവിരല്‍ തുമ്പിലേറി

Tuesday, 30 June 2009

സമുദ്രമാനസം


പുഴകള്‍ക്കൊരിക്കലും
സമുദ്രങ്ങളെ ഉള്‍ക്കൊള്ളാനാവില്ല..
വേലിയേറ്റങ്ങള്‍ക്കോ വേലിയിറക്കങ്ങള്‍ക്കോ
അതിലൊരു പങ്കുമില്ല..
എങ്കിലും,
സമുദ്രങ്ങള്‍ക്ക്
ഒട്ടേറെ പുഴകളെ ഉള്‍ക്കൊള്ളാനാകും
വേലിയേറ്റങ്ങളുടേയോ വേലിയിറക്കങ്ങളുടേയോ
സഹായമേതുമില്ലാതെ
അതുകൊണ്ടാകണം
ചെറു മനസ്സുകളുടെ ലോകത്ത്
അവര്‍ക്ക് മാത്രം ഒഴുക്കു കിട്ടുന്നിടത്ത്
അടിയൊഴുക്കുകളോട് തോറ്റ്,
മഹാ മനസ്ക്കര്‍ ഒറ്റപ്പെട്ട്,
തീര്‍ത്തും ഒറ്റയാനകേണ്ടി വരുന്നത്..